Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
35 വർഷമായി കേരളാ പോലീസും,ഇന്ത്യൻ പോലീസും, ഇന്റർപോളും അന്വേഷിച്ചിട്ട് പിടികിട്ടാത്ത ഒരു മലയാളിയാണ് സുകുമാരക്കുറുപ്പ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രത്തിന്റെ ഇതിവൃത്തം സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ആയിരുന്നു. ഇപ്പോൾ ദുൽഖർ സൽമാൻ നായകൻ ആകുന്ന കുറുപ്പ് എന്ന ചിത്രവും സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്നു.എന്താണ് സുകുമാരക്കുറുപ്പ് കേസ്?വിശദമായി ഒന്ന് പരിശോധിക്കാം.
1984 ജനുവരി 22 ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അടുത്തപ്പോൾ സുരേഷ് കുമാർ എന്ന വ്യക്തിയുടെ വീട്ടിലേക്ക് ഒരു വഴി യാത്രക്കാരൻ എത്തുന്നു. പാടത്തേക്ക് മറിഞ്ഞ ഒരു കറുത്ത അബാസിഡർ കാർ കത്തി പിടിച്ചിരിക്കുന്നു എന്ന് ഒരു വഴിയാത്രക്കാരൻ പറഞ്ഞു. ഇത് കേട്ട സുരേഷ് കുമാർ അയൽവാസികളെയും വിളിച്ച് അവിടേക്ക് ചെന്നു. നാട്ടുകാർ ചേർന്ന് കാറിന്റെ തീ അണച്ചു. പക്ഷേ കാറിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ല എന്ന് കണ്ടതോടെ പോലീസിനെ അറിയിക്കുന്നതിൽ നിന്നും പ്രദേശവാസികൾ പിന്മാറി.എന്നാൽ സംഭവത്തിൽ എന്തോ ദുരൂഹത മണത്തറിഞ്ഞ രാധാകൃഷ്ണൻ ആശാരി ഈ വിവരം പോലീസിൽ അറിയിച്ചു.വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തി. നേരം വെളുത്തു തുടങ്ങിയിരുന്നു. എസ്പി രാമചന്ദ്രനും ,ഡിവൈഎസ്പി ഹരിദാസും സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോൾ കാറിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തി. കാർ പൂർണ്ണമായും കത്തിക്കരിഞ്ഞു എങ്കിലും കാറിന്റെ നമ്പർപ്ലേറ്റിന് പ്രത്യേകിച്ച് ഒരു കേടുപാടുകളും സംഭവിച്ചിരുന്നില്ല.
KL Q 7831 എന്ന നമ്പർ വ്യക്തമായി കാണാമായിരുന്നു.പിന്നീട് കാറിന്റെ ഉടമസ്ഥനെ കാണുവാൻ ഉള്ള അന്വേഷണത്തിൽ ആയി പോലീസ്.ഭാസ്കരപിള്ള എന്നൊരാളിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പോലീസ് സ്ഥിതീകരിച്ചു.എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഭാസ്കര പിള്ള തന്റെ അളിയനായ സുകുമാരക്കുറുപ്പിന് ഈ കാർ വിറ്റിരുന്നു.മൃതശരീരം പുറത്ത് എടുത്ത് പരിശോധിക്കുകയും അത് സുകുമാരക്കുറുപ്പിന്റെ ആണെന്ന നിഗമനത്തിൽ പോലീസ് എത്തുകയും ചെയ്തു. ഈ വിവരം അറിയിക്കുവാൻ ആയി സുകുമാരക്കുറുപ്പിന്റെ വീട്ടിലേക്ക് ഡിവൈഎസ്പി ഹരിദാസ് രണ്ട് പോലീസുകാരെ അയച്ചു. മരണവാർത്ത കേട്ടിട്ടും സുകുമാരക്കുറുപ്പിന്റെ വീട്ടിൽ ഉള്ളവരുടെ മുഖത്ത് യാതൊരു വിഷമമോ, ഭയമോ കണ്ടില്ല. അത് മാത്രമല്ല വീട്ടുമുറ്റത്ത് ഒരു പുത്തൻ കാറും കിടപ്പുണ്ടായിരുന്നു. പുതിയ കാർ ഉള്ളപ്പോൾ എന്തുകൊണ്ട് പഴയ അമ്പാസിഡർ കാറുമായി സുകുമാരക്കുറുപ്പ് പുറത്ത് പോയി എന്ന കാര്യങ്ങൾ പോലീസിൽ സംശയം ജനിപ്പിച്ചു.
ഡിവൈഎസ്പി ഹരിദാസ് പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി മൃതശരീരം അയക്കുമ്പോൾ പേരിന്റെ സ്ഥാനത്ത് സുകുമാരക്കുറുപ്പ് എന്ന് സംശയിക്കുന്നു എന്നാണ് എഴുതി ചേർത്തത്. ബി ഉമാദത്തന് ആയിരുന്നു പോസ്റ്റ് മോർട്ടത്തിന്റെ ചുമതല. മുഖവും ,നെഞ്ചും പെട്രോൾ ഉപയോഗിച്ച് ആണ് കത്തിച്ചിരിക്കുന്നതെന്ന് ഡോക്ടർ ബി ഉമാദത്തൻ കണ്ടെത്തി.ഇതൊരു കൊലപാതകം ആണെന്നും ഡോക്ടർ എഴുതിചേർത്തു. സുകുമാരക്കുറുപ്പിനെ കൊലപ്പെടുത്തിയതാകാം എന്ന് സംശയിച്ച പോലീസ് തുടർ അന്വേഷണത്തിനായി സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തി.ഒരു മരണ വീടിന്റെ പ്രതീതി ആയിരുന്നില്ല അവിടെ.മാംസം പാകം ചെയ്യുന്നതിന്റെ ഗന്ധം വീട്ടിൽ നിന്നും വരുന്നുണ്ടായിരുന്നു. ഇതെല്ലാം ഈ കേസിലെ ദുരൂഹതകൾ ബലപ്പെടുത്തി.കാറിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനായി പോലീസ് സുകുമാരക്കുറുപ്പിന്റെ അളിയൻ ഭാസ്കര പിള്ളയെ സ്റ്റേഷനിൽ വിളിപ്പിച്ചു. സുകുമാരക്കുറുപ്പിന് വിദേശത്ത് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നതായും അവർ ആരെങ്കിലും ആവാം ഈ കൊലയ്ക്ക് പിന്നിൽ എന്നും ഭാസ്‌കരപിളള പോലീസിന് മൊഴി നൽകി. ആ കാലഘട്ടത്തിൽ ആരും ഫുൾ സ്ലീവ് ഷർട്ടുകൾ അധികം ഉപയോഗിക്കാറില്ല. എന്നാൽ ഭാസ്‌കരപിള്ള അന്ന് സ്റ്റേഷനിൽ എത്തിയത് ഒരു ഫുൾ സ്ലീവ് ഷർട്ട് ധരിച്ചാണ്. സംശയം തോന്നിയ പോലീസ് അയാളോട് കൈകൾ മുകളിലേക്ക് കയറ്റുവാൻ പറഞ്ഞു എങ്കിലും ഭാസ്കരപിള്ള വിസമ്മതിച്ചു. പിന്നീട് സമ്മർദ്ദത്തിന് വഴങ്ങി അയാൾ കൈകൾ മുകളിലേക്ക് കയറ്റി.അപ്പോഴാണ് ഭാസ്കരപിള്ള യുടെ കൈമുട്ടിലെ പൊള്ളൽ പോലീസ് ശ്രദ്ധിച്ചത്. ഈ പൊള്ളൽ ഏറ്റിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടില്ല എന്ന് ഡിവൈഎസ്പി ഹരിദാസ് വ്യക്തമാക്കി. തുടർന്ന് ഉള്ള ചോദ്യം ചെയ്യലിൽ താനാണ് സുകുമാരക്കുറുപ്പിനെ കൊന്നത് എന്ന് ഭാസ്‌കരപിള്ള സമ്മതിച്ചു. വിസ തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു തന്റെ പക്കൽ നിന്നും 50000 രൂപ തട്ടിയെടുത്തതിന്റെ പക ആയിരുന്നു കൊലപാതകത്തിൽ എത്തിച്ചത് എന്ന് അയാൾ തുറന്നു പറഞ്ഞു. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാൻ ഡിവൈഎസ്പി ഹരിദാസ് തയ്യാറായില്ല.
പോലീസും സംഘവും വീണ്ടും സുകുമാരക്കുറുപ്പിന്റെ വീട്ടിൽ എത്തി.അവിടെ കാർപോർച്ചിനു അടുത്ത് തീ കത്തിച്ച ഒരു പാട് ശ്രദ്ധയിൽ പെട്ടു. അവിടെ നിന്നും കുറച്ചു മുടിയും പോലീസിനു ലഭിച്ചു. പരിശോധനയിൽ ആ മുടി കാറിലുണ്ടായിരുന്ന വ്യക്തിയുടെ ആണെന്ന് സ്ഥിരീകരിച്ചു.ഈ സമയത്താണ് സുകുമാരക്കുറുപ്പിന്റെ ഡ്രൈവർ ആയിരുന്ന പൊന്നപ്പനെ കാൺമാനില്ലെന്ന വാർത്ത വരുന്നത്. പൊന്നപ്പനെ തിരഞ്ഞു പോലീസ് ആദ്യം എത്തിയത് വണ്ടാനം മെഡിക്കൽ കോളജ് ലാബ് അസിസ്റ്റന്റ് ആയിരുന്ന മധുവിന്റെ അടുക്കൽ ആണ്.പൊന്നപ്പൻ തന്നെ കാണാൻ വന്നിരുന്നു എന്നും ,ഇരുവരും ചേർന്ന് സുകുമാരക്കുറുപ്പിന്റെ ഭാര്യക്ക് സുകുമാരക്കുറുപ്പ് മരിച്ചു എന്ന വിവരം അറിയിച്ചു കണ്ട് ഒരു ടെലഗ്രാം അയച്ചു എന്നും മധു വെളിപ്പെടുത്തി. ആലപ്പുഴയിലെ അലങ്കാർ ഹോട്ടലിലേക്ക് ഒരു ട്രങ്ക് കോൾ കൂടി പൊന്നപ്പൻ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ പോലീസ് അലങ്കാർ ഹോട്ടലിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്തു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ ജീവനക്കാർ തിരിച്ചറിഞ്ഞു. വേണുഗോപാൽ ആലപ്പുഴ എന്ന പേരിൽ ജനുവരി 22,23 തീയതികളിൽ അയാൾ അവിടെ താമസിച്ചിരുന്നതായി ജീവനക്കാർ മൊഴി നൽകി. മരിച്ചത് സുകുമാര കുറുപ്പ് അല്ലെന്ന് ഇതോടെ പോലീസിന് വ്യക്തമായി.
അപ്പോൾ പിന്നെ ആരാണ് മരിച്ചത്?ആ ഇടയ്ക്ക് കാണാതായ ആളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി .കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹരിപ്പാട് സ്റ്റേഷനിൽ ചാക്കോ എന്ന ആളെ കാണാൻ ഇല്ല എന്ന പരാതി ലഭിച്ചു. പരാതിപ്പെട്ടത് ചാക്കോയുടെ സഹോദരൻ. സുകുമാരക്കുറുപ്പിന്റെ അതേ രൂപമായിരുന്നു ചാക്കോയ്ക്കും.കാറിൽ നിന്നും ലഭിച്ച മൃതദേഹം ചാക്കോയുടെ ആകാമെന്ന് പോലീസ് സംശയിച്ചു. അങ്ങനെ ഫെബ്രുവരി 1 തീയതി ചാക്കോയുടെ മൃതദേഹം പുറത്ത് എടുത്തു. മൃതദേഹം ദ്രവിച്ചു തുടങ്ങിയിരുന്നു. ചാക്കോയുടെ വീട്ടിൽ നിന്ന് ലഭിച്ച ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ഉപയോഗിച്ച് സൂപ്പോർ ഇംപോസിഷൻ എന്ന വിദ്യ ഉപയോഗിച്ച് മരിച്ചത് ചാക്കോ തന്നെയാണ് എന്ന് പോലീസ് ഉറപ്പിച്ചു. ബോഡിയിൽ നിന്നും ഒരു എല്ല് എടുക്കുകയും ,ഒരു കാൽപ്പാദം നിർമ്മിക്കുകയും ചാക്കോയുടെ ഒരു പഴയചെരുപ്പ് ഈ കാൽപ്പാദത്തിൽ അണിയിക്കുകയും ചെയ്തു. ഇതിൽനിന്ന് മരിച്ചത് ചാക്കോ ആണെന്ന് പോലീസ് നിസംശയം ഉറപ്പിച്ചു.അങ്ങനെ സുകുമാരക്കുറുപ്പ് കേസ് ചാക്കോ മർഡർ കേസ് ആയി.
ചാക്കോ എങ്ങനെയാണ് ഈ കാറിനകത്ത് എത്തപ്പെട്ടത്? സുകുമാരക്കുറുപ്പും ചാക്കോയും തമ്മിലുള്ള ബന്ധം എന്താണ്? ഈ ചോദ്യങ്ങൾ പോലീസിനെ കുഴപ്പിച്ചു.അങ്ങനെ ഇരിക്കുമ്പോൾ സുകുമാരക്കുറുപ്പിന്റെ ഡ്രൈവർ ആയ പൊന്നപ്പൻ പോലീസ് പിടിയിൽ ആകുന്നത്. പോലീസ് ചോദ്യം ചെയ്യലിൽ അങ്ങനെ നടന്നത് എല്ലാം വ്യക്തമായി വിശദീകരിച്ചു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന സുകുമാരക്കുറുപ്പിനെ എയർപോർട്ടിൽ നിന്നും വിളിച്ചു കൊണ്ട് വരാൻ ഈപ്രാവശ്യം പോയത് പൊന്നപ്പനും ,ഭാസ്കരപിള്ളയും ചേർന്ന് ആയിരുന്നു.സുകുമാരക്കുറുപ്പിനൊപ്പം സാഫൂ എന്ന സഹപ്രവർത്തകനും നാട്ടിലേക്ക് വന്നിരുന്നു. അങ്ങനെ നാലുപേരും വീട്ടിലേക്ക് യാത്ര ചെയ്യുന്നതിന് ഇടെ സുകുമാരക്കുറുപ്പ് താൻ കഴിഞ്ഞയിടെ ചേർന്ന ഒരു ഇൻഷുറൻസ് കാര്യം വെളിപ്പെടുത്തി. താൻ മരിച്ചു എന്ന് രേഖാമൂലം യുഎഇ യിൽ അറിയിച്ചാൽ ഇൻഷുറൻസ് തുകയായ പതിനഞ്ച് ലക്ഷം രൂപ ലഭിക്കും എന്ന് സുകുമാരക്കുറുപ്പ് പറഞ്ഞു. അന്നത്തെ പതിനഞ്ച് ലക്ഷം ഇന്നത്തെ കോടികൾ ആണ്. അങ്ങനെ ആ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഉള്ള പദ്ധതികൾ നാലുപേരും ചേർന്ന് ആസൂത്രണം ചെയ്യുകയായിരുന്നു. ഒരു മൃതദേഹം മോഷ്ടിക്കുക എന്നതായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. ഇതിനായി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ നിന്നും ഒരു മൃതദേഹം മോഷ്ടിക്കാൻ അവർ തീരുമാനിച്ചു.എന്നാൽ മോർച്ചറിയിലെ മൃതദേഹത്തിൽ ഫോർമാലിൻ കലർന്നിരിക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിൽ ഇത് സുകുമാരക്കുറുപ്പിന്റെ അല്ല എന്ന് തെളിയും. പിന്നീട് സ്മശാനത്തിൽ നിന്നും ഒരു മൃതദേഹം മോഷ്ടിക്കാം എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ ആലപ്പുഴയിലെ വലിയ ചുടുകാട് എന്ന ശ്മശാനത്തിൽ എത്തി. എന്നാൽ അവിടുത്തെ സെക്യൂരിറ്റി ഇതിന് കൂട്ട് നിന്നില്ല. പിന്നീട് മുന്നിൽ ഉണ്ടായിരുന്ന വഴി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ഒരാളെ കൊല്ലുക.എന്നതായിരുന്നു.അങ്ങനെ ഒരാൾക്ക് വേണ്ടിയായി പിന്നീട് ഉള്ള തിരച്ചിൽ.
ജനുവരി 21 രാത്രി കരുവാറ്റ ഹരി തിയറ്ററിന് മുന്നിൽ നിന്ന് ഒരാൾ സുകുമാരക്കുറുപ്പിന്റെ കാറിന് കൈകാണിച്ചു. ഫിലിം റെപ്പ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ ആയിരുന്നു അത്. കണ്ടാൽ സുഖുമാരക്കുറുപ്പിന്റെ മുഖസാദൃശ്യം. ചാക്കോയെ അവർ കാറിനുള്ളിൽ കയറ്റി. വിഷം കലർന്ന മദ്യം ബലംപ്രയോഗിച്ച് അയാളെക്കൊണ്ട് കുടിപ്പിച്ചശേഷം ഭാസ്കരപിള്ള തന്റെ കൈയ്യിൽ ഉണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് ചാക്കോയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.മൃതദേഹവുമായി സുകുമാരക്കുറുപ്പിന്റെ വീട്ടിൽ എത്തിയശേഷം ചാക്കോയുടെ മുഖവും മറ്റു ശരീരഭാഗങ്ങളും കാർപോർച്ചിൽ ഇട്ട് കരിക്കുക ആയിരുന്നു. അതിനുശേഷം ബോഡി കാറിൽ കയറ്റി വയലിന്റെ അരികിൽ കാർ മറിച്ചശേഷം തീ കൊളുത്തുക ആയിരുന്നു. സുകുമാരക്കുറുപ്പും സംഘവും അന്ന് ഉപയോഗിച്ചിരുന്ന കന്നാസും കൈയ്യുറകളും വയലിന്റെ പരിസരത്ത് നിന്നും പിന്നീട് പോലീസ് കണ്ടെത്തി.സുകുമാരക്കുറുപ്പ് ഒഴികെ മറ്റുള്ളവരെ എല്ലാം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒന്നാം പ്രതി ഭാസ്കരപിള്ളയ്ക്കും,രണ്ടാം പ്രതി പൊന്നപ്പനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടെ ഉണ്ടായിരുന്ന സാഹൂ എന്ന ചെറുപ്പക്കാരനെ കോടതി മാപ്പു സാക്ഷി ആക്കി.സുകുമാരക്കുറുപ്പിനായി കേരളാപോലീസും ,ഇന്ത്യൻ പോലീസും,ഇന്റർപോളും വലവീശി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് 1990 ൽ കോടതി സുകുമാരക്കുറുപ്പിനേ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചു. സുകുമാരക്കുറുപ്പ് ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അയാൾക്ക് 70 വയസ്സിന് മുകളിൽ പ്രായമുണ്ടാവും.എന്തായാലും സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്ന് കണ്ടെത്താൻ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments
Post a Comment