ഇന്ന് അനിയത്തിയുടെ പിറന്നാളാ സാറേ,ഒരു കേക്ക് വാങ്ങിച്ചു തരാമോ?ചോദ്യം കേട്ട പോലീസുകാരൻ ചെയ്തത് കണ്ടോ?

 


കേരളാപോലീസ് തങ്ങളുടെ ജനതയുടെ ജീവനും സ്വത്തിനും മാത്രമല്ല ,ആളുകളുടെ ഇല്ലായ്മയും സഹായഹസ്തം നീട്ടി നൽകുന്നവരാണ്. ഒരു കൂട്ടം നല്ല പോലീസുകാർ ഇന്ന് നമ്മുടെ നാടിന്റെ അഭിമാനമായി മാറുകയാണ്.അത്തരമൊരു നന്മയുടെ കാഴ്ചയാണ് കാഞ്ഞങ്ങാട് കോവൽപള്ളിയിലുള്ള പത്ത് വയസ്സുകാരി മിടുക്കി വ്യാഴാഴ്ച പകൽ രണ്ടര മണിക്ക് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചപ്പോൾ സംഭവിച്ചത്.




കുട്ടി പറഞ്ഞത് ഇങ്ങനെ;അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാൾ ആണ്.വീട്ടിൽ എല്ലാവർക്കും കോവിഡ് ആണ്.അച്ഛനാണെങ്കിൽ പണിക്ക് പോകുവാൻ കഴിയുന്നില്ല.അതിനാൽ തന്നെ അനിയത്തികുട്ടിക്ക് ഉടുപ്പും കേക്കും വാങ്ങാൻ പറ്റിയില്ല.അങ്കിളിന് ഒന്ന് സഹായിക്കാമോ?ഇതായിരുന്നു കുട്ടി പോലീസുകാരനോട് ചോദിച്ചത്.വിഷയം അറിഞ്ഞ ഹോസ്ദുർഗ് ഇൻസ്പെക്ടർ സതീഷ് ഉടൻ തന്നെ കാഞ്ഞങ്ങാട് ഡി.വൈ.എസ്പി. വി.ബാലകൃഷ്ണനെ വിവരം അറിയിച്ചു.

ഉടൻ തന്നെ പോലീസുദ്യോഗസ്ഥർ ഒത്തുചേർന്ന് പുത്തനുടുപ്പും,കേക്കും,മധുരപലഹാരങ്ങളും, ഓണക്കിറ്റും ഒക്കെ തയ്യാറാക്കി ഫോൺവിളിച്ച് ഒരു മണിക്കുറിനുള്ളിൽ എല്ലാം കുട്ടിയുടെ വീട്ടിൽ എത്തിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിലെ നന്മ മനസ്സിലാക്കിയ കാഞ്ഞങ്ങാട്ടെ വ്യാപാര സമൂഹവും ഈയൊരു ദൗത്യത്തിന് പൂർണ്ണമായും സഹകരിച്ചു. പോലീസിന്റെ സ്നേഹ സമ്മാനം വീട്ടിൽ വന്നതിന്റെ സന്തോഷത്തിലാണ് കുട്ടിയും വീട്ടുകാരും.

പലപ്പോഴും പല കാര്യങ്ങളിലും പോലീസ് സേനയെ വിമർശിക്കുന്നവരാണ് നമ്മളിൽ പലരും.എന്നാൽ കാക്കികുപ്പായത്തിനുള്ളിലെ നന്മയുടെയും കരുതലിന്റെയും കരങ്ങൾ പലപ്പോഴും ആരും കാണാറില്ല.എന്നാൽ ഈയൊരു സംഭവത്തിലൂടെ ആ നന്മയുടെയും കരുതലിന്റെയും ,സ്നേഹത്തിന്റെയും സന്ദേശമാണ് അവർ നൽകിയത്.കാക്കിയിട്ടാലും ഇവർക്കും ഒരു കുടുംബമുണ്ട്.നാട്ടിലെ പല നല്ലകാര്യങ്ങളിലും സഹകരിച്ചു നിൽക്കുന്ന ഒട്ടനവധി പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്ന കാര്യം മറന്നു പോകരുത്. ചെറിയ പിഴവുകൾ എടുത്ത് വച്ച് പോലീസ് സേന മുഴുവൻ ശരിയല്ല എന്ന് വിമർശിക്കുന്നവർ ഇതൊക്കെ കൂടി കാണേണ്ടതാണ്.അവർ തങ്ങളുടെ സ്വന്തം മക്കളുടെ പിറന്നാൾ ദിനത്തിൽ പോലും അവധി എടുക്കാതെ ഈയൊരു കോവിഡ് കാലത്ത് പണിയെടുക്കുന്നവരാണ്. ഇങ്ങനെയുള്ള നന്മ നിറഞ്ഞ പോലീസുകാരെ ആദരിക്കുകയാണ് യഥാർത്ഥത്തിൽ നാം ചെയ്യേണ്ടതും.


Comments